Sunday, September 6, 2015

സാഗരസീമകൾ താണ്ടിയാടിയ കളിയച്ഛൻ

സിനിമ പൂർണ്ണമായിക്കഴിഞ്ഞ് World Preview എന്ന നിലയ്ക്ക് ദോഹ ഫിലിം ഫെസ്ടിവലിലാണ് കളിയച്ഛൻ പ്രദർശിപ്പിക്കപ്പെട്ടത്. ഖത്തറിലെ സാംസ്കാരിക വകുപ്പ് മന്ത്രിയും, പത്നീ സമേതനായി ഇന്ത്യൻ സ്ഥാനപതിയും ഉണ്ടായി എന്നതാണ് ഉദ്ഘാടന ചിത്രം എന്ന നിലക്ക് കളിയച്ഛനു കിട്ടിയ ഭാഗ്യം. സിനിമ കണ്ടിറങ്ങിയ പ്രവാസികളുടെ മുഖം കഴിഞ്ഞ 12 വർഷത്തെ എന്റെ സപര്യ ഫലം കണ്ടു എന്നു വിളിച്ചു പറയുന്നതായിരുന്നു. തുടർന്നുണ്ടായ ദിവസങ്ങളിൽ ഖത്തറിലെ വിവിധ കൂട്ടായ്മകളിൽ സംവിധായകൻ എന്ന നിലക്ക് എനിക്ക് ഏറെ സന്തോഷം നൽകുന്നചർച്ചകൾ നടന്നു. കുഞ്ഞിരാമാനായി അഭിനയിച്ച മനോജ്‌ കെ ജയന്റെയും ആശാനായി അഭിനയിച്ച പദ്മശ്രീ ശിവൻ നമ്പൂതിരിയുടെയും അഭിനയത്തെക്കുറിച്ച് എല്ലാവരും വാതോരാതെ സംസാരിച്ചു. മഞ്ജുപ്പിള്ള എന്ന നടിയുടെ പരിചിതമല്ലാത്ത വേഷവും കാണികൾക്ക് ഇഷ്ടമായി. ദേവു എന്ന കഥാപാത്രത്തെ പ്രേക്ഷകർ പൂർണ്ണമായി ഉൾക്കൊണ്ടു. ഏറെക്കാലത്തിനു ശേഷമാണു മലയാള സിനിമയിൽ ഏറെ ശക്തമായ സ്ത്രീ കഥാപാത്രനായിക ഉണ്ടാകുന്നത് എന്ന് അവിടുത്തെ സാംസ്കാരീക കൂട്ടായ്മയുടെ തലപ്പത്തിരിക്കുന്ന ശ്രീ. ബാബുരാജ്‌ പറഞ്ഞപ്പോൾ എന്റെ കഥാപാത്ര സൃഷ്ടിയിൽ ഞാൻ അഭിമാനം കൊണ്ട നിമിഷമായിരുന്നു അത്.
പിന്നീട് അബു ദാബിയിലും ഷാർജയിലുമാണ് പ്രവാസികൾക്ക് വേണ്ടി കളിയച്ഛൻ പ്രദർശിപ്പിക്കപ്പെട്ടത്. അബു ദാബി കേരള സോഷ്യൽ സെന്ററിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ജൂറി ആയി എത്തിയതായിരുന്നു ഞാൻ. എന്റെ സിനിമ സോഷ്യൽ സെന്ററിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടു തവണ പ്രദർശിപ്പിച്ചു. ആദ്യ ദിവസത്തെ പ്രതികരണങ്ങൾ കണ്ടു രണ്ടാമത്തെ പ്രദർശനത്തിന് കേരള സോഷ്യൽ സെന്റെർ സ്വയം തയ്യാറാവുകയായിരുന്നു. രണ്ടു പ്രദർശനങ്ങളിലും ഹാൾ നിറഞ്ഞിരുന്നു. ഒരുപാട് നാടകങ്ങൾക്കും സിനിമകൾക്കും വേദിയോരുക്കുകയും അന്യ നാട്ടിലും കലാപരമായ വിപ്ലവങ്ങൾക്ക്‌ ഇടം കാണുകയും കലയേയും കലാകാരനെയും സ്നേഹിക്കുകയും ചെയ്യുന്ന കേരള സോഷ്യൽ സെന്ററും അതിന്റെ ഭാരവാഹികളും കളിയച്ഛനോട് കാണിച്ച സ്നേഹാദരവുകൾ എടുത്തു പറയാതിരിക്കാൻ നിർവ്വാഹമില്ല. അതുപോലെ ഷാർജയിലെ ഇന്ത്യൻ അസോസിയേഷനോടും കൃതജ്ഞതയുണ്ട്. യുവ കവിയും എന്റെ സുഹൃത്തും കൂടിയായ മേതിൽ സതീശൻ ഷാർജയിൽ കളിയച്ഛൻ കാണിക്കാൻ ഭാരവഹികളുമായി ബന്ധപ്പെടുകയും അനുമതി നേടുകയും ചെയ്തപ്പോഴെല്ലാം തണുത്ത മട്ടിലായിരുന്നത്രെ അസോസിയേഷൻ ഭാരവാഹികൾ. പ്രദർശനം കഴിഞ്ഞപ്പോൾ " ഇത്രയ്ക്കു പ്രതീക്ഷിച്ചിരുന്നില്ല എന്നും ഇത് ഇന്ത്യൻ അസോസിയേഷനിൽ പ്രദർശിപ്പിക്കാതെ പോയിരുന്നെങ്കിൽ ഞങ്ങൾക്ക് വലിയ നഷ്ടമായേനെ" എന്ന് ഭാരാവാഹികൾ അഭിപ്രായപ്പെടുകയും ഈ സിനിമ തിയ്യറ്ററിൽ എത്തിക്കാൻ ഞങ്ങളുടെ ഭാഗത്ത്‌ നിന്നും എന്ത് സഹായവും നൽകാമെന്ന് പ്രസിഡന്റും സെക്രട്ടറിയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതേ വാഗ്ദാനം അബു ദാബി കേരള സോഷ്യൽ സെന്റർ ഭാരവാഹികളും ഉറപ്പു തന്നിരുന്നതും മറക്കുന്നില്ല. ഷാർജയിലെ കാണികളായിരുന്ന 250 ഓളം പേർ പ്രദർശനം കഴിഞ്ഞു നടന്ന ഒന്നര മണിക്കൂർ സംവാദത്തിൽ പങ്കെടുത്തത് തന്നെ കളിയച്ഛൻ കണ്ടതിനു ശേഷവും പ്രേക്ഷക മനസ്സുകളിൽ അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് എന്നതിന് സാക്ഷ്യമാകുന്നു.
ഈ സിനിമയുടെ റിലീസിങ്ങ് ആവശ്യപ്പെട്ടു NFDC യോടും I&B മന്ത്രാലയത്തോടും നടത്തിയ ഇ മെയിൽ കാമ്പൈയിനിൽ എനിക്ക് നാട്ടിലെന്നപോലെ ശക്തമായ പിന്തുണ നല്കിയത് സൗദി അറേബ്യ ഉൾപ്പെടെയുള്ള പ്രവാസി സമൂഹമായിരുന്നു. നമ്മൾ നടത്തിയ ഈ മെയിൽ കാമ്പൈയിൻസമരം ലക്‌ഷ്യം കണ്ടു. സെപ്റ്റംബർ 25 നു കളിയച്ഛൻ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് വരുന്നു. കളിയച്ഛൻ കണ്ട് അതിന്റെ കലാ മേന്മയിൽ ആകൃഷ്ടനായത്‌ കൊണ്ട് മാത്രം, തന്റെ മുഴുവൻ സമയവും ഇതിന്റെ പ്രമോഷന് വേണ്ടി മാറ്റി വെച്ച്, തന്റെ വരുതിയിലുള്ള എല്ലാ മെഷിനറികളും ഉപയോഗിച്ച്, കളിയച്ഛൻ ഒരു വിജയമാക്കുമെന്ന വാശിയോടെ, പ്രവാസി ലോകത്തിനും കേരള കലാരംഗതിനും ഒരുപോലെ സുപരിചിതനായ ഈസ്റ്റ്‌ കോസ്റ്റ് വിജയൻ, ഈ സിനിമ തിയേറ്ററിൽ എത്തിക്കാൻ അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്. പ്രവാസി മലയാളികളും അവരുടെ സംഘടനകളും, കുടുംബക്കാരേയും സുഹൃത്തുക്കളേയും നാട്ടുകാരേയും തങ്ങളുടെ Facebook, whatsapp, Telegram, നന്മയുള്ള നാവ്, കൂർമ്മയുള്ള ബുദ്ധി എന്നീ മനുഷ്യ പ്രാപ്തമായ എല്ലാ ഉപാധികളും ഉപയോഗിച്ച് തിയേറ്ററിലേക്ക് ക്ഷണിക്കുമല്ലോ?

No comments:

Post a Comment